ന്യൂഡൽഹി: ഒ ബി സിവിഭാഗങ്ങളിലെ 'ക്രീമി ലെയർ' മാനദണ്ഡം മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമാക്കി തീരുമാനിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഇതോടെ മാർച്ച് 11-ലെ വിധി സുപ്രീം കോടതി വെള്ളിയാഴ്ച ഒന്നു കൂടി സ്ഥിരീകരിച്ചു. ഈ വിധി നടപ്പിലാക്കാൻ രണ്ടു വർഷം കൂടി അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന കോടതി തള്ളി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, വിധി ഭാവിയിൽ വരുന്ന കേസുകൾക്ക് മാത്രം ബാധകമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും നിരസിച്ചു. വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിന് "വിശ്വസനീയമോ ന്യായയുക്തമോ ആയ ഒരു കാരണവും" ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. മാർച്ച് 11-ലെ വിധി നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കോടതി അന്ന് ആറ് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ, ആ സമയപരിധി അവസാനിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി, വെള്ളിയാഴ്ച എട്ട് ആഴ്ച കൂടി സമയം നീട്ടി നൽകി.
ക്രീമി ലെയർ' മാനദണ്ഡം മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമാക്കി തീരുമാനിക്കരുത്: സുപ്രീം കോടതി

ADVERTISEMENT