ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അഞ്ചു മാസത്തിനിടയിൽ നടന്ന പൊലീസ് "എൻകൗണ്ടറിൽ " അഞ്ചാമതൊരു കുറ്റവാളിയെ കൂടി ഇന്ന് (ഞായറാഴ്ച) വെടിവെച്ചു കൊന്നു. ബിർഭും ജില്ലയിലെ ബോൽപൂർ ശാന്തിനികേതനിൽ വെച്ചാണ് രത്തൻ ഷെയ്ഖ് എന്ന കുറ്റവാളിയെ പോലീസ് വെടിവെച്ചു കൊന്നത്. ഇയാൾക്കെതിരെ 30-ലധികം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം കോൺസ്റ്റബിൾ ബിശ്വജിത് ദാസിനു നേരെ വെടിയുതിർത്ത ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ കോൺസ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഷെയ്ഖിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന എൻ കൗണ്ടറിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീപ് റോയിയെ വെടിവെച്ചു കൊന്നിരുന്നു.
ജൂലൈ 8-ന്, 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടാലും പൊലീസിൻ്റെ വെടിയുണ്ടയ്ക്കിരയായി.
അതേ ദിവസം മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ, ബിജെപി പ്രവർത്തകൻ സുജിത് മൊണ്ടാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സാമിയുൽ ഷെയ്ഖ് (46) പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആരെങ്കിലും പോലീസിനെ കൊല്ലാൻ ശ്രമിച്ചാൽ, പോലീസ് അവർക്ക് 'റസഗുള' കൊടുക്കണമായിരുന്നോ എന്നായിരുന്നു മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രതികരണം. പോലീസിന്റെ ജോലി തോക്കുകൾ പോക്കറ്റിൽ വെക്കുക എന്നതാണോയെന്നും അദ്ദേഹം ചോദിച്ചു.
തുടർച്ചയായ 'എൻകൗണ്ടർ' ; ബംഗാളിൽ അഞ്ചു മാസത്തിനിടെ അഞ്ചുകുറ്റവാളികളെ പൊലീസ് വെടിവച്ചു കൊന്നു

ADVERTISEMENT