തിരുവനന്തപുരം: ചർമ്മകാന്തി മോഹിച്ച് സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടു വാങ്ങിയ ഫെയർനസ്‌ ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ 17 വയസുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഫെയർനസ് ക്രീമിൽ വലിയ തോതിൽ മെർക്കുറിയുടെ അളവ് കണ്ടെത്തി. പെൺകുട്ടിയ്ക്ക് ഈ ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വൃക്കകളിലെ അരിപ്പകളുടെ ഭിത്തിക്ക് കനം കൂടുന്ന 
മെംബ്രണസ് നെഫ്രോപതി എന്ന രോഗം ബാധിച്ചു. കാലുകളിൽ വീക്കം, ബോധക്ഷയം, അപകടകരമാംവിധം കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളും ഉണ്ടായി. 
ഇത് മൂത്രത്തിലൂടെ അമിതമായ പ്രോട്ടീൻ ചോർച്ചയ്ക്ക് കാരണമാകും. ശരീരത്തിലെ പല അവയവ വ്യവസ്ഥകളെയും ബാധിക്കാൻ ശേഷിയുള്ള, വിഷാംശമുള്ള ഒരു ഘനലോഹമാണ് മെർക്കുറി. വൃക്കകൾക്ക് പുറമേ, നാഡീവ്യൂഹത്തെയും ഇത് ബാധിക്കാം. കുട്ടികളിലും കൗമാരക്കാരിലും നാഡീവ്യൂഹം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാൽ, അവർക്ക് ഇത്തരം പദാർത്ഥങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടത് അതീവ പ്രധാനമാണ്. സീറോ മെർക്കുറി വർക്കിംഗ് ഗ്രൂപ്പ്' പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം പഠനത്തിനായി പരിശോധിച്ച 31 ചർമ്മം വെളുപ്പിക്കുന്ന ക്രീമുകളിൽ 25 എണ്ണത്തിലും മെർക്കുറിയുടെ അളവ്, അനുവദനീയമായ 1 പി പി എം (പാർട്സ് പെർ മില്യൺ) എന്ന പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലായിരുന്നു. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ടോക്സിക്സ് ലിങ്ക്' എന്ന പരിസ്ഥിതി സംഘടന, ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിർമ്മിച്ച എട്ട് ക്രീമുകൾ പരിശോധിച്ചു. ഇതിൽ ഏഴ് സാമ്പിളുകളിലും 7,331 ppm മുതൽ 27,431 പി പി എം വരെ അളവിൽ മെർക്കുറി കണ്ടെത്തി.