ന്യൂഡൽഹി: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013-ന് കീഴിലുള്ള 'പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന' സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഗുണഭോക്താക്കൾക്കിടയിൽ 13.2 ശതമാനം അനർഹരെ ഉൾപ്പെടുത്തിയതായി കണ്ടെത്തി. 2025-26 സാമ്പത്തിക വർഷത്തിൽ നടത്തിയ പഠനപ്രകാരം, സംസ്ഥാനങ്ങൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത പല കുടുംബങ്ങളും സൗജന്യ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റുന്നുണ്ട്. മൂന്നോ അതിലധികമോ മുറികളുള്ള വീടുകൾ, കാറുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയ ആസ്തികളുള്ള കുടുംബങ്ങളും, കുടുംബാംഗങ്ങളിൽ ആരെങ്കിലും സർക്കാർ ജോലി ചെയ്യുന്നവരുമായ കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിയോഗിച്ച സമിതിയാണ് ക്രമക്കേട് കണ്ടെത്തിയത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ, നഗര മേഖലകളിലെ 51,303 ഗുണഭോക്തൃ കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.