ഹൈദരാബാദ്: സ്ത്രീകളെ എത്തിച്ച് അനധികൃതമായി അണ്ഡം കടത്തിയ സംഘം പിടിയിൽ. ആന്ധ്രയിൽ നാല് കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെ റിക്രൂട്ട് ചെയ്യുക, അവരെ എത്തിക്കുക, താമസസൗകര്യം ഒരുക്കുക എന്നിവയിലൂടെ
അണ്ഡം ദാനം ചെയ്യുന്നതിനായി അവരെ ഉപയോഗപ്പെടുത്തി അനധികൃതമായി അണ്ഡം ശേഖരിക്കുകയും അത് വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുകയും ചെയ്യുന്ന 
സംഘത്തെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലങ്ങളിൽ നിന്ന് രേഖകളും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെടുത്തിയ സ്ത്രീകളുടെ വ്യക്തിവിവരങ്ങൾ, അവരെ റിക്രൂട്ട് ചെയ്ത സാഹചര്യങ്ങൾ, അവരുടെ ആരോഗ്യ ചരിത്രം എന്നിവ പരിശോധിച്ചുവരികയാണ്. ഓരോ തവണയും അണ്ഡം ദാനം ചെയ്യുന്നതിന് 20,000 മുതൽ 30,000 രൂപ വരെയാണ് വാഗ്ദാനം നൽകിയത്.