ന്യൂഡൽഹി: എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ ആശങ്കാകുലരായി ഇന്ത്യൻ ജനത കഴിയുമ്പോൾ അമേരിക്കൻ ജനത അതൊരു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. എൽ നിനോ' ലോകമെമ്പാടും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. പസഫിക് മേഖലയിലെ കാലാവസ്ഥാ പ്രതിഭാസം കാരണം ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇതു മുതലാക്കാനാണ് റോക്കി പർവതനിരകളിലെ സ്കീയിംഗ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയുള്ള 
അമേരിക്കൻ ജനത തയ്യാറാകുന്നത്.അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലും കാലിഫോർണിയ പോലുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ഉണ്ടാകുന്ന കനത്ത മഞ്ഞു വീഴ്ച മുതലാക്കാനാണ് അവരുടെ ശ്രമം. ഈ വർഷത്തെ 'എൽ നിനോ'യിൽ വലിയ പ്രതീക്ഷകളാണ് സ്കീയിംഗ് മേഖലയ്ക്കുള്ളത്. ടൂറിസം മേഖലയിൽ സ്കീയിംഗിലൂടെ വലിയ വരുമാനം നേടാൻ കഴിയുമെന്നതാണ് കാരണം.
യൂട്ടായിലെ സ്കീ റിസോർട്ടുകളെ പ്രതിനിധീകരിക്കുന്ന 'സ്കീ യൂട്ടാ' എന്ന സംഘടന, "വോട്ട് സൂപ്പർ എൽ നിനോ" എന്ന പേരിൽ ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോർഡുകളും ടി-ഷർട്ടുകളും ഉപയോഗിച്ച്, "ഭൂമിയിലെ ഏറ്റവും മികച്ച മഞ്ഞുവീഴ്ച" ഇവിടെ ലഭിക്കുമെന്ന് അവർ പ്രചരിപ്പിക്കുന്നു. 
അമേരിക്കയിലെ സ്കീ റിസോർട്ട് വ്യവസായം വഴി മാത്രം പ്രതിവർഷം ഏകദേശം 15 മുതൽ 20 ബില്യൺ ഡോളർ (ഏകദേശം ഒന്നര ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) വരെ നേരിട്ടുള്ള വരുമാനം ലഭിക്കുന്നുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, സ്കീ ഉപകരണങ്ങളുടെ വിൽപ്പനയും വാടകയും എന്നിവയിലൂടെയുള്ള അനുബന്ധ വരുമാനം കൂടിയാകുമ്പോൾ ഇതിലും എത്രയോ ഇരട്ടിയാകും. 
എന്നാൽ ഇന്ത്യയിലും വിശേഷിച്ച് കേരളത്തിലും അത്യുഷ്ണവും വരൾച്ചയുമാണ് എൽ നിനോ കൊണ്ടുവരുന്നത്. അതിൻ്റെ ഭാഗമായി അവശ്യ സാധനങ്ങളുടെ വില ഉയരുകയും ജീവിതചെലവ് വർധിക്കുകയും ചെയ്യും. മുമ്പുള്ള അനുഭവങ്ങളിൽ കേരള ജനത കടുത്ത ആശങ്കയിലാണ്. വരും മാസങ്ങളിൽ, പ്രത്യേകിച്ച് 2027 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അസാധാരണമായ ചൂടിനും വരൾച്ചയ്ക്കും ജലക്ഷാമത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സമുദ്രത്തിൽ കിഴക്കൻ ഭാഗങ്ങളിലെ ജലം അസാധാരണമാംവിധം ചൂടാകുമ്പോഴാണ് 'എൽ നിനോ' എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ആഫ്രിക്ക ഉൾപ്പടെയുള്ള ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും എൽ നിനോയുടെ ദുരിതം കാലങ്ങളായി അനുഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവരും കഴിയുംവിധം ഈ പ്രതിസന്ധിയെ ഒരു പരിധിവരെയെങ്കിലും മറികടക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.