അമേരിക്കയിലെ മിക്ക ആശുപത്രികളിലും ഇപ്പോൾ രോഗികൾക്ക് കിടക്കാൻ സ്ഥലമില്ലത്രേ! പലർക്കും അത്യാഹിത വിഭാഗത്തിലും ആശുപത്രി ഇടനാഴികളിലും മണിക്കൂറുകളോളം കിടക്കേണ്ടി വരുന്നു.
സമീപകാലത്തായി ജീവനക്കാരുടെ കുറവ് രൂക്ഷമായതും അമേരിക്കയിലെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർധിച്ചതും കാരണമായി പറയുന്നുണ്ടെന്ന് " ദി വാൾസ്ട്രീറ്റ് ജേർണൽ" റിപ്പോർട്ട് ചെയ്യുന്നു. വയോധികരായ
രോഗികൾക്ക് ആശുപത്രിയിൽ ചെലവഴിക്കേണ്ട സമയദൈർഘ്യവും കൂടിയിട്ടുണ്ട്. രോഗികളെ ഡിസ്ചാർജ് ചെയ്ത ശേഷം പുനരധിവാസ കേന്ദ്രങ്ങളിലേക്കോ മറ്റ് തുടർപരിചരണ കേന്ദ്രങ്ങളിലേക്കോ മാറ്റുന്ന നടപടികൾ വൈകുന്നതും പതിവായിരിക്കുന്നു. ഇത് ആശുപത്രിയിൽ പുതിയതായി വരുന്ന രോഗികൾക്ക് കിടക്കകൾ ലഭ്യമല്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു.
രോഗികൾക്ക് കിടക്ക ലഭിക്കാതെ അത്യാഹിത വിഭാഗത്തിൽ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം കുറയ്ക്കുന്നതിനായി, ആരോഗ്യമേഖലയിലെ അധികൃതരുമായും സംസ്ഥാന ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചില ആശുപത്രി അധികൃതർ അറിയിട്ടുണ്ട്.
കൃത്യസമയത്ത് വാർഡുകളിലേക്ക് മാറ്റപ്പെടാതെ അത്യാഹിത വിഭാഗത്തിൽ തന്നെ കഴിയേണ്ടി വരുന്ന രോഗികൾക്ക് ലഭിക്കുന്ന പരിചരണം, വാർഡുകളിലേക്ക് മാറ്റപ്പെട്ട രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തേക്കാൾ മോശമാകാൻ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
ആരോഗ്യനില വഷളായതും ആഴ്ചകൾക്കകം മരണപ്പെടാൻ സാധ്യതയുള്ളതുമായ രോഗികളെ ആശുപത്രിയിലെത്തിച്ചാൽ
അവരെ ഇടയ്ക്കിടെ പരിശോധിക്കാനും നിരീക്ഷിക്കാനും സാധിക്കും. എന്നാൽ അതിനുവേണ്ടിയല്ല എമർജൻസി റൂം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷനിലെ പോളിസി വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ആഷ്ലി തോംസൺ ചൂണ്ടിക്കാട്ടി.
രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അവർക്ക് തുടർപരിചരണം ലഭിക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ വേഗത്തിലാക്കണം. പെൻസിൽവാനിയയിൽ 10 ആശുപത്രികൾ നടത്തുന്ന 'ഗൈസിംഗർ' രോഗികൾക്ക് കിടക്ക ലഭിക്കാതെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം കുറയ്ക്കുന്നതിന് ചില മാറ്റങ്ങൾ വരുത്തി. തിങ്കളാഴ്ച നടക്കേണ്ട എം.ആർ.ഐ സ്കാനിംഗ് പോലുള്ള സേവനങ്ങളുടെ പ്രവർത്തന സമയം ശനി, ഞായർ ദിവസങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. ഇതോടെ തിങ്കളാഴ്ചത്തെ സ്കാനിംഗിനായി വാരാന്ത്യം മുഴുവൻ ആശുപത്രി കിടക്കകളിൽ കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചു.
ഇവിടെ കേരളത്തിൽ മാത്രമല്ല ..... അവിടെ അമേരിക്കയിലും ആശുപത്രിയിൽ രോഗികൾക്ക് കിടക്കാൻ കട്ടിൽ കിട്ടുന്നില്ലെന്ന് റിപ്പോർട്ട്

ADVERTISEMENT