ന്യൂഡൽഹി : മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ രോഗികൾക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2020ൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിയോളം കൂടുതൽ കേസുകളാണ് 2025-ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് 2020 -ൽ 808 ആയിരുന്നത് 2025 ആയപ്പോൾ 2176 ആയി വർധിച്ചു. 
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. "ദി ഇന്ത്യൻ എക്സ്പ്രസിന് " വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
രോഗികൾക്ക് ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലേക്കോ, ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന അവസ്ഥയിലേക്കോ നയിച്ചേക്കാവുന്ന മെഡിക്കൽ സംഭവങ്ങളെയാണ് 'ഗുരുതരമായ പ്രതികൂല സംഭവങ്ങൾ' അഥവാ Serious Adverse Events 
എന്നു വിളിക്കുന്നത്. 
രാജ്യത്തുടനീളമുള്ള 775 നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ 'മെഡിക്കൽ ഡിവൈസ് അഡ്വേഴ്സ് ഇവന്റുകളുടെ' (MDAEs) എണ്ണം ഐ.പി.സി (IPC) തങ്ങളുടെ വാർഷിക റിപ്പോർട്ടുകളിൽ ഉൾപ്പെടുത്താറുണ്ട്; എന്നാൽ, 'സീരിയസ് അഡ്വേഴ്സ് ഇവന്റുകളെ' (SAEs) സംബന്ധിച്ച കണക്കുകൾ അവർ പുറത്തുവിടാതെ, പരിമിതമായ വിവരങ്ങളായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
മെഡിക്കൽ ഡിവൈസ് അഡ്വേഴ്സ് ഇവന്റുകൾഎന്നത് ഒരു മെഡിക്കൽ ഉപകരണം ഉപയോഗിക്കുമ്പോഴോ അല്ലെങ്കിൽ അത് തകരാറിലാകുമ്പോഴോ രോഗിക്കോ അത് ഉപയോഗിക്കുന്ന വ്യക്തിക്കോ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പ്രതികൂല സാഹചര്യങ്ങൾ, അപായങ്ങൾ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെയാണ് സൂചിപ്പിക്കുന്നത്.
ഒരു സിറിഞ്ച് അല്ലെങ്കിൽ മാസ്ക് മുതൽ പേസ്മേക്കർ വെന്റിലേറ്റർ, വെയറബിൾ ഫിറ്റ്നസ് ട്രാക്കറുകൾ, ഇൻസുലിൻ പമ്പ് വരെയുള്ള ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മെഡിക്കൽ ഉപകരണവുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങൾ 
രേഖപ്പെടുത്തിയിട്ടുള്ള എന്നാൽ ഇത്തരം സംഭവങ്ങൾക്ക് കാരണമായിട്ടുള്ള മെഡിക്കൽ ഉപകരണത്തിന്റെ ബ്രാൻഡ് വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളിലെ പിഴവ് മൂലമാണോ അതോ മെഡിക്കൽ ഉപകരണത്തിലെ തകരാർ മൂലമാണോ ഇതു സംഭവിച്ചത് എന്നത് അന്തിമമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.