ന്യൂഡൽഹി: തലച്ചോറിനെ മരവിപ്പിച്ച് ചുമയ്ക്കാനുള്ള പ്രവണത ഇല്ലാതാക്കുന്ന കോഡിൻ അടങ്ങിയ ചുമ മരുന്നിൻ്റെ വില്പന വർധിച്ചതിൽ സംശയമുയരുന്നു. ഹരിയാനയിലെ പാനിപ്പത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മരുന്ന് കമ്പനി, 2026 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 18 വരെയുള്ള കാലയളവിൽ പശ്ചിമ ബംഗാളിലേക്ക് 64 കോടി രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്തത്. ഇതിൽ 44 കോടി രൂപയും കോഡീൻ (codeine) അടങ്ങിയ ചുമയ്ക്കുള്ള സിറപ്പുകൾ വിറ്റതിലൂടെ ലഭിച്ചതാണെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇത്രയും വലിയ അളവിലുള്ള വിൽപ്പനയെ സാധൂകരിക്കുന്ന ഒരു കുറിപ്പടി പോലും കണ്ടെത്തിയിട്ടില്ല. മൂന്ന് മരുന്ന് കമ്പനികൾ ഇപ്പോൾ പശ്ചിമ ബംഗാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഹിമാചൽ പ്രദേശിൽ നിർമ്മിക്കുന്ന കോഡീൻ അടങ്ങിയ ചുമയ്ക്കുള്ള സിറപ്പുകൾ, ലൈസൻസുള്ള വിതരണക്കാർ , സ്റ്റോക്കിസ്റ്റുകൾ എന്നിവർ വഴി വഴിതിരിച്ചുവിട്ട്, അതിർത്തി ജില്ലകളിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും കടത്തുന്നുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
ജൂൺ മാസം മുതൽ ദക്ഷിൺ ദിനാജ്‌പൂരിൽ, കോഡീൻ അടങ്ങിയ ചുമയ്ക്കുള്ള മരുന്ന് നിറച്ച ഏകദേശം രണ്ട് ലക്ഷത്തോളം കുപ്പികൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 65 പേരെ അറസ്റ്റ് ചെയ്യുകയും 44 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വില്പന നടത്തുന്ന മരുന്നുകൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന കാര്യത്തിൽ സംശയം വർധിച്ചിട്ടുണ്ട്. രോഗികൾക്ക് യഥാർത്ഥ ചികിത്സാ മാർഗങ്ങളിലൂടെ ലഭിക്കേണ്ട ഈ മരുന്നുകൾ, ലഹരി ആവശ്യങ്ങൾക്കായും അതിർത്തി കടത്തിയുള്ള കള്ളക്കടത്തിനായും വഴിതിരിച്ചുവിടുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മരുന്ന് നിർമ്മാതാക്കൾ, കാരിയിംഗ് ആൻഡ് ഫോർവേഡിംഗ് ഏജന്റുമാർ, ലൈസൻസുള്ള മൊത്തക്കച്ചവടക്കാർ, മറ്റ് ഇടനിലക്കാർ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു.