കൊച്ചി:ഇന്ത്യ–ജിസിസി നയതന്ത്ര ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനമായ ‘കൊച്ചി ഡയലോഗ് 2026’ ബുധനാഴ്ച ആരംഭിക്കും. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ (MEA) ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ജി.വി. ശ്രീനിവാസ് ഐ.എഫ്.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കണോമിക് ഡിപ്ലോമസി ഡിവിഷൻ ജോയിന്റ് സെക്രട്ടറി, പി.എസ്. ഗംഗാധർ ഐ.എഫ്.എസ്, മുൻ അംബാസഡറും വിയന്നയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ടി.പി. ശ്രീനിവാസൻ (റിട്ട.), സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഡോ. ഡി. ധനുരാജ് എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും. നവംബർ 20 വരെ കൊച്ചിയിലെ താജ് വിവാന്താ (Taj Vivanta) ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.