കൊച്ചി : ഇന്ത്യ–ഗൾഫ് സഹകരണ കൗൺസിൽ (GCC) സ്വതന്ത്ര വ്യാപാര കരാർ (FTA) ആഴത്തിലുള്ള സാമ്പത്തിക ഏകീകരണത്തിനും വിപുലമായ വിപണി പ്രവേശനത്തിനും ശക്തമായ നിക്ഷേപ പ്രവാഹത്തിനും സുസ്ഥിരമായ വിതരണ ശൃംഖലകൾക്കും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (സൗത്ത്) ശ്രീ ജി. വി. ശ്രീനിവാസ് (IFS) അഭിപ്രായപ്പെട്ടു. ബുധനാഴ്ച കൊച്ചി താജ് വിവാന്തയിൽ 'കൊച്ചി ഡയലോഗ് 2026'-ന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗിനെ പ്രതിനിധീകരിച്ച് സംസാരിച്ച അദ്ദേഹം, ഇന്ത്യ–ജി.സി.സി ബന്ധത്തെ കേവലം വ്യാപാര-ഊർജ്ജ അധിഷ്ഠിത പങ്കാളിത്തത്തിൽ നിന്ന് സാങ്കേതികവിദ്യ, നവീകരണം, കണക്റ്റിവിറ്റി, പ്രാദേശിക സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ തന്ത്രപ്രധാന സഹകരണമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു. നിർദ്ദിഷ്ട ഇന്ത്യ–ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിന്റെ പരിഗണനാ വിഷയങ്ങൾക്ക് (Terms of Reference) അംഗീകാരമായതായും ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യ–ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനെ ഒരു സാധാരണ വ്യാപാര കരാറായി മാത്രമല്ല ഞങ്ങൾ കാണുന്നത്. ആഴത്തിലുള്ള സാമ്പത്തിക ഏകീകരണം, മികച്ച വിപണി ലഭ്യത, വ്യാപാര വൈവിധ്യവൽക്കരണം, ശക്തമായ നിക്ഷേപ പ്രവാഹം, സുസ്ഥിരമായ വിതരണ ശൃംഖലകൾ എന്നിവയ്ക്കുള്ള ഒരു ചാലകശക്തിയായി ഇതിന് മാറാൻ കഴിയും," അദ്ദേഹം പറഞ്ഞു.
“നൂതനവും സംയോജിതവുമായ ഇന്ത്യ–ജി.സി.സി പങ്കാളിത്തത്തിലേക്ക്” എന്ന പ്രമേയത്തിൽ നവംബർ 18 മുതൽ 20 വരെ നടക്കുന്ന ത്രിദിന കൊച്ചി ഡയലോഗ് 2026-ൽ ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും നയതന്ത്രജ്ഞർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, തന്ത്രപ്രധാന മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR), കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിംഗ് & റിസർച്ച് (PP&R) ഡിവിഷനുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നയപരമായ ചർച്ചകളിലൂടെയും സ്ഥാപനപരമായ ഇടപെടലുകളിലൂടെയും തന്ത്രപ്രധാനവും സാമ്പത്തികവുമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ സംവാദത്തിന്റെ ലക്ഷ്യം.
ഇന്ത്യ–ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ വ്യാപാര-നിക്ഷേപ മേഖലകളിൽ വലിയ മാറ്റം കൊണ്ടുവരും: ജി. വി. ശ്രീനിവാസ്


ADVERTISEMENT