ന്യൂഡൽഹി: മധ്യപ്രദേശിൽ നർമ്മദാ നദീതീരത്ത് മണ്ണൊലിപ്പിൽ കരയ്ക്കടിഞ്ഞ താടിയെല്ല് , ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ ആനയുടേതോ ?
വംശനാശം സംഭവിച്ച ആന വർഗ്ഗങ്ങളിലൊന്നായ 'പാലിയോലോക്സോഡോൺ നമാഡിക്കസ്' ന്റേതാകാം ഇതെന്ന് കരുതപ്പെടുന്നു. നർമ്മദാ നദിയിലെ മണ്ണൊലിപ്പ് കാരണം ഇതിന്റെ വലിയൊരു ഭാഗം പുറത്തുവരികയായിരുന്നു. താടിയെല്ലിന്റെ ഘടന, അതിലെ അണപ്പല്ലുകളുടെ ക്രമീകരണം, ഇത് കണ്ടെത്തിയ ഭൂമിശാസ്ത്രപരമായ പാളികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വംശനാശം സംഭവിച്ച ആന വർഗ്ഗങ്ങളിലൊന്നിൻ്റെതാകാമെന്ന
നിഗമനത്തിലെത്തിയത്.
ഏകദേശം നാല് മുതൽ അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് വിഹരിച്ചിരുന്നതായാണ് ഗവേഷകർ വിശ്വസിക്കുന്നത്. ദിയോരി താലൂക്കിലെ പട്ടായി ഗ്രാമത്തിന് സമീപമുള്ള പട്ടായി ഘട്ടിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്.
ഭോപ്പാലിൽ നിന്നുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നാലംഗ സംഘം നവംബർ 13-ന് സ്ഥലം സന്ദർശിച്ചു.
ഈ ഫോസിലിന് ഏകദേശം 75 സെൻ്റിമീറ്റർ നീളവും 25 സെൻ്റിമീറ്റർ വീതിയുമുണ്ട്. മൃഗം പൂർണ്ണമായി വളർന്നിട്ടില്ലായിരിക്കാം എന്ന് അണപ്പല്ലുകൾ സൂചിപ്പിക്കുന്നുവെന്ന് ഫോസിൽ പരിശോധിച്ച വിദഗ്ധ സംഘത്തിലെ അംഗമായ ഡോ രവി ഉപാധ്യായ പറഞ്ഞു. "അണപ്പല്ലുകൾ പരിശോധിച്ചാൽ, ഒരു വശത്ത് ആറ് നിരകളും മറുവശത്ത് ഏഴ് നിരകളുമുണ്ടാകാമെന്നും ഇതൊരു ആനക്കുട്ടിയായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കൂടുതൽ ഖനനം നടത്തിയാൽ ഈ ജീവിയുടെ കൂടുതൽ ഭാഗങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
മണ്ണൊലിപ്പിൽ കരയ്ക്കടിഞ്ഞ താടിയെല്ല് , ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ ആനയുടേതോ?

ADVERTISEMENT