തിരുവനന്തപുരം: ആശുപത്രികളിലെ ചികിത്സാ പിഴവുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരനടപടികൾ നിർദേശിക്കാനും കഴിയുന്ന തൊഴിൽസംസ്കാരം വളർത്തിയെടുക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രോഗീസുരക്ഷ ഉറപ്പാക്കേണ്ടത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മാത്രം ഉത്തരവാദിത്തമല്ലെന്നും ആശുപത്രി ഭരണനേതൃത്വം മുതൽ എല്ലാ ജീവനക്കാർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച 'സേഫ്കോൺ' സമ്മേളനവും 'സ്റ്റീരിയോസർജ്' സംവിധാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അജയ് അലക്സ് 'സ്റ്റീരിയോസർജ്' സംവിധാനത്തിന്റെ പ്രവർത്തനരീതി വിശദീകരിച്ചു. ശ്രീചിത്രയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ബറോൺ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ചടങ്ങിൽ വി മുരളീധരൻ എം എൽ എ അധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ വി മീനാക്ഷി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സൂപ്രണ്ട് ഡോ എച്ച് വി ഈശ്വർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ എസ് എസ് മിനി, ജോയിന്റ് ഡയറക്ടർ (പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്) ഡോ പി കെ ജബ്ബാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ പി ബിന്ദു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സി ജി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ സാഹചര്യമൊരുക്കും: മന്ത്രി കെ.മുരളീധരൻ

ADVERTISEMENT