തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടായി ഓപ്പറേഷൻ തൂഫാൻ മാറിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന്റെ കീഴിൽ 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ മാസ്റ്റർ പരിശീലകർക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശത്തുപോലും മികച്ച പിന്തുണ തൂഫാന് ലഭിക്കുന്നുണ്ട്. തൂഫാന്റെ അടുത്ത ഘട്ടമായ തൂഫാൻ കെയറിന് ബ്ളോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിലുള്ളവരുടെ സഹായം ആവശ്യമാണ്. ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ലഹരിയുടെ ഭവിഷ്യത്തുക്കളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മാസ്റ്റർ പരിശീലകരുടെ ഉത്തരവാദിത്തമെന്നും മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.
തദ്ദേശസ്ഥാപനങ്ങളെയും പൊലീസിനെയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതി സഹായകമാകും. പൊലീസിൽ നിന്ന് 70 ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 80 ഉദ്യോഗസ്ഥരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ഇൻസ്പെക്ടർ ജനറൽ പി. പ്രകാശ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ ആശംസകൾ നേർന്നു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സ്വാഗതവും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഷഹൻഷ നന്ദിയും അറിയിച്ചു.
ലഹരിക്കെതിരായ ജനകീയ പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും: രമേശ് ചെന്നിത്തല

ADVERTISEMENT